മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ചു; കലാപത്തിന് ശ്രമിച്ചാൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം. മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെയും ഡിവൈഎഫ്ഐയുടെ ആക്രമണമുണ്ടായി. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പ‌മുണ്ടായിരുന്നവർ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചെന്നാണ് ആരോപണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പയ്യന്നൂരിൽ വെച്ചും സമാനമായ രീതിയിൽ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. കാസർഗോഡേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂർ കഴിഞ്ഞതിന് പിന്നാലെ വീണ്ടും ഒ.ജെ ജനീഷിൻ്റെ വാഹനത്തിന് നേരേ പ്രതിഷേധമുണ്ടായി.

അഞ്ചിടത്ത് വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്ന് ജനീഷ് ആരോപിച്ചു. ജനീഷുമായി മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫോണിൽ സംസാരിച്ചതായാണ് വിവരം. സംഭവത്തിൽ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകുന്ന ഫേസ്ബുക്ക് പോസ്റ്റും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്. 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോൺഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോൾ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?