സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങൾക്ക് പാറ്റകളുടെ ആഹ്വാനം; ശനിയാഴ്ചത്തെ പ്രതിഷേധത്തിന് പിന്തുണയേറുന്നു

കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിന് പിന്തുണയേറുകയാണ്. എല്ലാ  ഇടത് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ അണി ചേരും. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും പിന്തുണയുമായി എത്തുമെന്നാണ് സൂചന.

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാൾ നടക്കാനിരിക്കെ കൂടുതൽ പല പ്രമുഖരും  പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രമുഖ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിൻ്റെ ഭാ​ഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ദില്ലിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് നടൻ പ്രകാശ്‍രാജും അറിയിച്ചത്. നേരത്തെ നിശ്ചിയിച്ച സിനിമാ ചിത്രീകരണത്തിൽനിന്നും സമയം കണ്ടെത്തി വരാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നത്. കൂടുതൽ പ്രമുഖർ പ്രതിഷേധത്തിൻ്റെ ഭാ​ഗമാകുമെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടികളോടും പ്രതിഷേധത്തിൻ്റെ ഭാ​ഗമാകാൻ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ കൂട്ടായ്മ രാഷ്ട്രീയ പാർട്ടിയാകില്ലെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങൾ ഏറ്റെടുക്കുമെന്നും സിജെപി വക്താവ് വിജേത ദഹിയ പറഞ്ഞു. കേരളത്തിലും സിജെപിക്ക് ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപകൻ അഭിജിത് ദീപ്കേ ഇനി ഇന്ത്യയിൽ തുടരുമോയെന്ന് വ്യക്തതയില്ല, നടൻ ഫഹദ് ഫാസിലടക്കം കേരളത്തിലെ പ്രമുഖരെയും വക്താവ് സിജെപിയിലേക്ക് ക്ഷണിച്ചു.

ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ," സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങൾക്ക് കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്യുന്നു,"എന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു.

അതേസമയം, പ്രതിഷേധം സമൂ​ഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. സിജെപിക്ക് നിർദേശങ്ങളുമായി ശശി തരൂർ എംപി രം​ഗത്തെത്തി. കേവലം സമൂഹമാധ്യമങ്ങളിലെ മീമുകളിൽ പ്രതിഷേധം ഒതുങ്ങരുത്, പാറ്റകളായി അറിയപ്പെടേണ്ടവരോ പരി​ഗണിക്കപ്പെടേണ്ടവരോ അല്ല യുവാക്കൾ. ജനപ്രതിനിധികളിലും സംവിധാനങ്ങളിലും നിരന്തരം സമ്മർദം ചെലുത്തണമെന്നും തരൂർ ഇം​ഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.