മുഖ്യമന്ത്രിയെ വിമർശിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ; നടപടി വിരമിക്കാൻ 2 ദിവസം മാത്രം ശേഷിക്കെ
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചെന്ന് പേരിൽ കെഎസ്‌ആർടിസി ഡ്രൈവരെ സസ്പെൻഡ് ചെയ്തിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററായ ജവാദ് സുബൈറിനെയാണ് സസ്പെൻഡ് ചെയ്തത്. സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ട് ദിവസം ബാക്കിനിൽക്കെയാണ് നടപടി.
മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസ്യരൂപത്തിൽ പങ്കുവെച്ചെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് പലകാര്യങ്ങളും പ്രഖ്യാപിക്കാൻ പൂച്ചപെറ്റുകിടന്നെന്ന് പറഞ്ഞ ഖജനാവിൽ പണമുണ്ടെന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് അധ്യാപകൻ ഷെയർ ചെയ്തത്. അതിന് പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു. കിളിമാനൂർ യൂത്ത് നേതാവ് എ പി അഖിലിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചെന്ന് പേരിൽ കെഎസ്‌ആർടിസി ഡ്രൈവരെ സസ്പെൻഡ് ചെയ്തിരുന്നു. നെടുങ്കണ്ടം സബ് ഡിപ്പോയിലെ ഡ്രൈവർ കല്ലാർ സ്വദേശി എസ് സുനിൽകുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്.