ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

ഡല്‍ഹിയിലുള്ള രമ്യ ഹരിദാസില്‍ നിന്ന് പാര്‍ട്ടി വിശദീകരണവും തേടിയിട്ടുണ്ട്.

നേരത്തെ ആലത്തൂരില്‍ ഉള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ആളാണ് പാളയം പ്രദീപ്. ചിറയിന്‍കീഴിലെ പ്രാദേശിക നേതാവാണ് സജാദ്. സജാദിന്റെ വീട്ടില്‍വച്ചാണ് സംഘര്‍ഷമുണ്ടായത്. സജാദിനെതിരെ രമ്യ ഹരിദാസും പ്രദീപും കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. രമ്യക്കെതിരെ സജാദും മറ്റ് പ്രാദേശിക നേതാക്കളും പരാതിപ്പെട്ടിട്ടുണ്ട്. ഇതില്‍ തീരുമാനമെടുത്തിട്ടില്ല. ആരാണ് പാളയം പ്രദീപ് എന്ന പേരില്‍ സജാദ് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ രമ്യാ ഹരിദാസിന്റെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദ് വാട്‌സാപ്പ് കൂട്ടായ്മയില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് എം.എല്‍.എ. വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ കടയിലെത്തി. സജാദിന്റെ മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കാന്‍ എംഎല്‍എ.യും ഒപ്പമുള്ളവരും ശ്രമിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി.

തര്‍ക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എംഎല്‍എ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. പരാതിയില്‍ 14 പേര്‍ക്കെതിരേ എസ്.സി., എസ്.ടി. വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ്. ചന്ദ്രന്‍, അദീഷ്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. സജാദും ഭാര്യയും നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല.

എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാളയം പ്രദീപിന്റെ ഇടപെടലുകളില്‍ കഴിഞ്ഞ കുറേനാളായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് രമ്യാ ഹരിദാസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പദവിയില്ല. സംഭവം കേസിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും പോകാതെ ഒത്തുതീര്‍പ്പാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്.