ബാരിക്കേഡുകൾ ചാടിക്കടന്ന് ജന്തർ മന്ദറിലേക്ക്; തരംഗമായി ‘ജന്തർ മന്ദർ ചലോ’ ഗെയിം
ഡൽഹിയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റിൽ തരംഗമായി മാറി പുതിയൊരു വീഡിയോ ഗെയിം. ‘ജന്തർ മന്ദർ ചലോ’ എന്ന് പേരിട്ടിരിക്കുന്ന ഈ 3D ഹാസ്യ ഗെയിം വികസിപ്പിച്ചെടുത്തത് ബറേലി സ്വദേശിയായ ഐടി പ്രൊഫഷണൽ സുരാജ് കുശ്വാഹ് ആണ്. ഇൻസ്റ്റാഗ്രാമിൽ ‘bugswriter’ എന്ന പേരിൽ അറിയപ്പെടുന്ന സുരാജ്, വാർത്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തത്.
കളിക്കാർക്ക് പ്രതിഷേധക്കാരനായോ ഡൽഹി പോലീസായോ ഇതിൽ പങ്കെടുക്കാം. പോലീസിന്റെ ലാത്തിച്ചാർജ്ജും കണ്ണീർവാതകവും ബാരിക്കേഡുകളും മറികടന്ന് ജന്തർ മന്ദറിലെത്തി ധർണ്ണ നടത്തുകയാണ് കളിയുടെ പ്രധാന ലക്ഷ്യം. കസ്റ്റഡിയിലാകുന്ന പ്രതിഷേധക്കാരെ പോലീസ് ബസ്സിൽ കയറ്റി നരേല സ്റ്റേഡിയം, കപഷേര ബോർഡർ തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റും. അവിടെനിന്ന് തിരികെ നടന്നു വേണം കളിക്കാർക്ക് വീണ്ടും സമരമുഖത്തെത്താൻ.
ഗെയിമിൽ വഴിയിലെ ഗോൾഗപ്പ കഴിച്ചാൽ ഉന്മേഷം കൂടുകയും ചായക്കടകളിൽ വിശ്രമിക്കാൻ സാധിക്കുകയും ചെയ്യും. തുണികൊണ്ട് മുഖം മറച്ചാൽ സിസിടിവി ക്യാമറകളിൽനിന്ന് രക്ഷപ്പെടാം. ഇതിനിടെ ‘ഗോദി മീഡിയ’യെ കണ്ടുമുട്ടിയാൽ ആളുകൾ സമരം ഉപേക്ഷിച്ചുപോകുമെങ്കിലും സ്വതന്ത്ര മാധ്യമങ്ങളെ കണ്ടാൽ കൂടുതൽ പേർ പ്രതിഷേധത്തിൽ പങ്കുചേരും. പ്രക്ഷോഭ സമയത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുമ്പോൾ ഗെയിമിന്റെ മിനി-മാപ്പിൽ “no signal u/s 163” എന്ന സന്ദേശവും തെളിയും.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഗെയിമിന്റെ റീൽ ചുരുങ്ങിയ സമയംകൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് mantarjantar.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഗെയിം കളിക്കാൻ എത്തിയത്.