ലക്ഷദ്വീപിന് സമീപനം വൻ ലഹരിവേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടിയിൽ; 5 പാക്കിസ്ഥാനികൾ കസ്റ്റഡിയിൽ

ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 526 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് വളഞ്ഞാണ് ഉദ്യോഗസ്ഥർ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

ഹെറോയിനും മെത്താംഫെറ്റാമൈനുമടക്കം ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 25 നായിരുന്നു ഓപ്പറേഷൻ. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാൻ പൗരന്മാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.

സംയുക്ത സമുദ്ര-വ്യോമ നിരീക്ഷണത്തിനൊടുവിൽ സംശയാസ്പദമായ ബോട്ടിനെ തിരിച്ചറിയുകയും, തുടർന്ന് പിന്തുടർന്ന് ബോട്ട് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത സംഘത്തെയും പിടിച്ചെടുത്ത മയക്കുമരുന്നും ബോട്ടുൾപ്പെടെ തുടർനടപടികൾക്കും വിശദമായ ചോദ്യംചെയ്യലിനുമായി സായുധ സുരക്ഷയിൽ മുംബൈയിലെത്തിച്ചു.

അന്താരാഷ്ട്ര സമുദ്ര ലഹരി മാഫിയാ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് എ.ടി.എസുമായി ചേർന്ന് കോസ്റ്റ് ഗാർഡ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. സമുദ്രപാതകൾ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ 2025 ഏപ്രിലിൽ ഗുജറാത്ത് തീരത്ത് നിന്ന് സമാനരീതിയിൽ 307.5 കിലോഗ്രാം മയക്കുമരുന്ന് ഇതേ ഏജൻസികൾ ചേർന്ന് പിടികൂടിയിരുന്നു.

ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലെ സുരക്ഷാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി കൈമാറിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.