ഇ ഡിയ്ക്കെതിരെ മുഹമ്മദ് റിയാസി​ൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്; റിയാസിനെതിരെമൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചു

ഇ ഡിയ്ക്കെതിരെ മുഹമ്മദ് റിയാസി​ൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്; റിയാസിനെതിരെമൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചു
മാസപ്പടി കേസിലെ അന്വേഷണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇ ഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻ തുക കൈമാറിയെന്ന് പറയാൻ ആവശ്യപ്പെട്ടുവെന്നും ഹസ്സൻ വാരിസ് പറഞ്ഞു. മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വപ്പിച്ചതാണെന്നും ഓഗസ്റ്റ് 18ന് കൊടുത്ത മൊഴി സമ്മർദത്തെ തുടർന്ന് ആണെന്നും ഹസൻ വാരിസ് നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് സത്യവാങ്മൂലം നൽകിയത്.
‌പി എ മുഹമ്മദ് റിയാസില്‍ നിന്നോ അദ്ദേഹത്തിന്റെ ഏതെങ്കിലും ബന്ധുവില്‍ നിന്നോ പണം കൈപ്പറ്റിയിട്ടില്ല. ഒരുകാലത്തും ഒരാള്‍ക്കും പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയിട്ടില്ല. എന്നാല്‍ റിയാസിനെതിരെ മൊഴി നല്‍കുകയും പേപ്പറില്‍ ഒപ്പിടുകയും ചെയ്തില്ലെങ്കില്‍ തന്റെ 22 കാരിയായ ഇളയ മകളെ ബുദ്ധിമുട്ടിക്കുമെന്നും നിലവിലെ കേസില്‍ പ്രതിയാക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ഹസ്സന്‍ വാരിസ് ആരോപിക്കുന്നു.
തന്റെ മകളെ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കാത്ത വിധം വര്‍ഷങ്ങളോളം ജയിലില്‍ അടക്കുമെന്നും ഇ ഡി ഭീഷണിപ്പെടുത്തി. സ്വന്തം മകളെ രക്ഷിക്കണോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെ സംരക്ഷിക്കണോയെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചു. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുമ്പോള്‍, 20 ഓളം ആയുധധാരികളായ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വീട്ടിലുണ്ടായിരുന്നു. അവിടെ ഭാര്യയും മകളും വായ തുറക്കാന്‍ കഴിയാതെ നിസ്സഹായര്‍ ആയിരുന്നു. 18ാം തീയതി നല്‍കിയ മൊഴിയില്‍ ഒപ്പിടാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി.