മംദാനി അനുകൂലികൾക്ക് ഡെമോക്രാറ്റിക് പാർട്ടി തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം

മംദാനി അനുകൂലികൾക്ക് ഡെമോക്രാറ്റിക് പാർട്ടി തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം

ന്യൂയോർക്ക്: വരാനിരിക്കുന്ന നവംബർ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആഭ്യന്തര പ്രൈമറി സ്ഥാനാർത്ഥി നിർണ്ണയ തെരഞ്ഞെടുപ്പിൽ നേതൃത്വത്തെ ഞെട്ടിച്ച് പാര്‍ട്ടിക്കകത്തെ പുരോഗമനപക്ഷ സ്ഥാനാർത്ഥികൾക്ക് വൻ വിജയം. ഇസ്രായേൽ-ഗാസ ആക്രമണത്തിൽ പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുകയും മാനവികതയിലൂന്നിയ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത സ്ഥാനാർത്ഥികൾ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം പിന്തുണച്ച മിതവാദികളെ അട്ടിമറിച്ചു.

അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ മാനവികതയും മനുഷ്യാവകാശങ്ങളും പ്രധാന രാഷ്ട്രീയ ആവശ്യമായി തിരിച്ചെത്തുന്നു എന്ന നിലയിൽ വിലയിരുത്തലുകൾ പുറത്തുവന്നു.

നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ടിയിലെ പ്രൈമറി തെരഞ്ഞെടുപ്പ് നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ആരാകണം എന്ന് തീരുമാനിക്കാനായി പാർട്ടിയിലെ വോട്ടർമാർ മാത്രം പങ്കെടുത്ത 'പ്രൈമറി തെരഞ്ഞെടുപ്പ്' ആണിത്. ന്യൂയോർക്ക് നഗരത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ ജനപിന്തുണയുള്ളതിനാൽ, ഈ പ്രൈമറിയിൽ വിജയിക്കുന്നവർ നവംബറിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ നേരിടുമ്പോൾ എളുപ്പത്തിൽ വിജയിക്കുമെന്നാണ് വിലയിരുത്തലുകൾ.

ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയുടെ പിന്തുണയോടെ മത്സരിച്ച പുരോഗമനപക്ഷ സ്ഥാനാർത്ഥികളാണ് ഡെമോക്രാറ്റിക് പാര്‍ടിയിലെ എസ്റ്റാബ്ലിഷ്മെന്റ് നേതാക്കളെ അനായാസം പരാജയപ്പെടുത്തിയത്. ഗാസ വിഷയത്തിൽ വ്യക്തവും മാനുഷികവുമായ നിലപാട് സ്വീകരിച്ച ക്ലെയർ വാൽഡെസ് പാർട്ടി നേതൃത്വത്തിന്റെ പ്രിയങ്കരനായ അന്റോണിയോ റെയ്നോസോയെ പരാജയപ്പെടുത്തി പാർട്ടി ടിക്കറ്റ് ഉറപ്പിച്ചു.

ന്യൂയോർക്ക് നഗരത്തിലെ ലോവർ മാൻഹാട്ടൻ, ബ്രൂക്ലിൻ്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പത്താം കോൺഗ്രഷണൽ ഡിസ്ട്രിക്ട് മണ്ഡലത്തിൽ മുൻ സിറ്റി കൺട്രോളർ ആയിരുന്ന ബ്രാഡ് ലാൻഡർ തിളങ്ങുന്ന വിജയം നേടി. പാര്‍ടിയുടെ ഇപ്പോഴത്തെ പ്രതിനിധിയായ ഡാൻ ഗോൾഡ്മാനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഇരുവരും ജൂതവിഭാഗത്തിൽ നിന്നുള്ളവരാണെങ്കിലും ഗാസയിൽ നടക്കുന്നത് 'വംശഹത്യ' ആണെന്ന് തുറന്നുപറഞ്ഞ ലാൻഡറെ വോട്ടർമാർ നെഞ്ചേറ്റുകയായിരുന്നു.

ക്ലെയർ വാൽഡെസിന്റെ മുന്നേറ്റത്തിന് പിന്നാലെ ബ്രൂക്ലിൻ നിവാസിയായ വരുൺ വെങ്കിടേഷ് എന്ന 27-കാരനായ വോട്ടറുടെ പ്രതികരണം വൈറലായി. "എനിക്ക് വോട്ടർ എന്ന നിലയിൽ ഒരു കൃത്യമായ മാനദണ്ഡം ഉണ്ടായിരുന്നു. സ്ഥാനാർത്ഥികൾ ഫലസ്തീൻ ജനതയ്ക്കായി എന്തുചെയ്യുന്നു എന്നത് മാത്രമായിരുന്നു അത്." എന്നായിരുന്നു പ്രതികരണം.