പ്രതിഷേധച്ചൂട് ഒഴിയാതെ ഡൽഹി; മൂന്നാം ദിനവും തെരുവിലിറങ്ങി ഇന്ത്യ സഖ്യം

നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭാഗവതും ​ഗ്യാനേഷ് കുമാറും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

വീണ്ടും പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണ വിരുന്നൊരുക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനപഥിലെ സാഗർ രത്നയിൽ നടന്ന ഇന്ത്യ സഖ്യ എംപിമാരുടെ കഴിഞ്ഞ ദിവസത്തെ ഉച്ചഭക്ഷണം നാടകീയമായ തെരുവ് പ്രതിഷേധത്തിന് വഴിയൊരുക്കിയതിന് പിന്നാലെയായിരുന്നു ഇത്തവണ കൊണാട്ട് പ്ലേസിലെ മൊയറ്റ്സിൽ വിരുന്ന്. 

ഉച്ചഭക്ഷണത്തിന് ശേഷം പ്രതിപക്ഷ എംപിമാർ മഹാത്മാ ഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലേക്ക് നീങ്ങി. അവിടെ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്. ഉച്ചഭക്ഷണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി, സമാധാനപരമായി ധർണ നടത്താൻ ഏകദേശം 300 എംപിമാർ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാൽ ആദ്യ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം തന്നെ അവരെ തടഞ്ഞെന്നും രണ്ടാം ദിവസം ജന്തർ മന്തറിലേക്ക് പോകുന്നതും തടഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധക്കാർക്ക് മർദനമേറ്റു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭാഗവതും ​ഗ്യാനേഷ് കുമാറും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവർ ഭരണഘടന തകർത്തു, വോട്ടുകൾ മോഷ്ടിച്ചു. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇതാണ് ഞങ്ങളുടെ ഉറപ്പ്, അത് സംഭവിക്കുന്നത് നിങ്ങൾ കാണും,” രാഹുൽ ഗാന്ധി പറഞ്ഞു.

“ഇന്ത്യ സഖ്യത്തിലെ എല്ലാ എംപിമാരും ഗാന്ധി സ്മാരകത്തിലേക്ക് പോകുകയാണ്. അവിടെ ധർണ നടത്തുകയും മോദിക്കും ഷായ്ക്കും വിവേകം ലഭിക്കട്ടെയെന്ന് സമാധാനപരമായി പ്രാർഥിക്കുകയും ചെയ്യും. ബി.ജെ.പി സർക്കാർ ഞങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം കവർന്നെടുക്കുകയാണെന്ന് രാജ്യത്തോട് പറയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” രാജ്ഘട്ടിലേക്ക് ബസുകളിൽ പോകാനുള്ള തീരുമാനം പ്രഖ്യാപിച്ച ഖാർഗെ പറഞ്ഞു. 

ഖാർഗെയും രാഹുൽ ഗാന്ധിയും കൂടാതെ പ്രിയങ്ക ഗാന്ധി വാദ്ര, കെ.സി. വേണുഗോപാൽ, വിവേക് തൻഖ, മാണിക്കം ടാഗോർ, ജ്യോതിമണി, രാജീവ് ശുക്ല, ദീപേന്ദർ ഹൂഡ തുടങ്ങിയ കോൺഗ്രസ് എംപിമാരും ഉച്ചഭക്ഷണത്തിലും രാജ്ഘട്ടിലെ പ്രതിഷേധത്തിലും പങ്കെടുത്തു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിം​ഗ് സുഖുവും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു. 

തൃണമൂൽ കോൺഗ്രസിന്റെ അഭിഷേക് ബാനർജി, മേനക ഗുരുസ്വാമി, സമീറുൽ ഇസ്ലാം, സമാജ്‌വാദി പാർട്ടിയുടെ രാജീവ് റായ്, മൊഹിബുള്ള, സി.പി.ഐ(എം) എംപി ജോൺ ബ്രിട്ടാസ്, സി.പി.ഐയുടെ പി. സന്തോഷ്, ആർ.ജെ.ഡിയുടെ സുധാകർ സിം​ഗ് എന്നിവരും ഉച്ചഭക്ഷണത്തിൽ സാന്നിധ്യമറിയിച്ചു. ഇതൊരു തുടർച്ചയായ പ്രക്ഷോഭമാണെന്നും ​ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

ചൊവ്വാഴ്ച ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ പാർലമെന്റിലെ മകർ ദ്വാറിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ ആകാശവാണി ഭവന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവനിലേക്ക് പ്രവേശിക്കുകയും ചൊവ്വാഴ്ച വൈകുന്നേരം പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതുവരെ അവിടെ തുടരുകയും ചെയ്തു.

ബുധനാഴ്ച ജനപഥിലെ സാഗർ രത്നയിൽ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ സഖ്യ നേതാക്കൾ ജന്തർ മന്തറിലേക്ക് നീങ്ങി. ജന്തർ മന്തറിലേക്കുള്ള വഴിയിലെ വിൻഡ്സർ പ്ലേസിൽ വച്ച് എംപിമാരെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർച്ചയായ പ്രതിഷേധങ്ങളിലൂടെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള സമ്മർദം ശക്തമാക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നത്.