ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് റഷ്യ; യുക്രെയ്നെതിരെ പുട്ടിൻ്റെ പ്രതികാരം
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ ഉണ്ടായ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കീവ് നഗരത്തെ പിടിച്ചുകുലുക്കിയ ബോംബാക്രമണം ഉണ്ടായത്.
കീവിൽ ഒരു ക്രൂസ് മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മിസൈൽ പതിക്കുന്ന നിമിഷം കടുത്ത വെളിച്ചം വമിക്കുന്നതും തൊട്ടുപിന്നാലെ ശക്തമായ സ്ഫോടനം ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. കീവിലും മറ്റ് പ്രദേശങ്ങളിലുമുള്ള വീടുകൾ, സ്കൂളുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മുൻപ് ആറു തവണ റഷ്യൻ ആക്രമണത്തിൽ തകരുകയും പിന്നീട് പുനർനിർമിച്ച് തുറക്കുകയും ചെയ്ത ഒരു ചെറിയ കഫേയും ഇത്തവണ തകർന്നവയിൽ ഉൾപ്പെടുന്നു.
ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനായി ഉപയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ ഭൂഗർഭ ബങ്കറുകൾ തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. 2024 നവംബറിലാണ് റഷ്യ ആദ്യമായി ഈ മിസൈൽ യുക്രെയ്നിലെ ഡിനിപ്രോ നഗരത്തിനു നേരെ പ്രയോഗിച്ചത്. സാധാരണ ജനങ്ങളെയും സ്കൂളുകളും ശുദ്ധജല വിതരണ സംവിധാനങ്ങളും അടക്കമുള്ള പൊതുജനസംവിധാനങ്ങളെയുമാണ് റഷ്യ ലക്ഷ്യമിട്ടതെന്ന് സെലെൻസ്കി പറഞ്ഞു.
ഏകദേശം 600 ഡ്രോണുകളും 90 മിസൈലുകളുമാണ് റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ അധികൃതർ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടെങ്കിലും ചിലത് ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുകയായിരുന്നു. രാത്രി മുഴുവൻ കീവിൽ സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിക്കേട്ടു. സൈനിക ലക്ഷ്യങ്ങൾക്കപ്പുറം സാധാരണ ജനങ്ങളെ ഉപദ്രവിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ എക്സിൽ കുറിച്ചു. കീവിനു പുറമെ ചെർകാസി, ഖാർകിവ്, ഒഡേസ, പോൾട്ടാവ തുടങ്ങിയ നിരവധി പ്രദേശങ്ങളിലും റഷ്യ വൻ ആക്രമണം നടത്തി.