ടൺ കണക്കിന് ഹിൽസ മീനുകളെ ബംഗ്ലാദേശിലേയ്ക്ക് അയച്ച് ഇന്ത്യ

ടൺ കണക്കിന് ഹിൽസ മീനുകളെ ബംഗ്ലാദേശിലേയ്ക്ക് അയച്ച് ഇന്ത്യ

പരമ്പരാഗത രീതികൾക്ക് മാറ്റം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഹിൽസ മത്സ്യം കയറ്റുമതി ചെയ്യുന്നു. ബംഗാളി വിഭവങ്ങളിൽ ഏറ്റവും പ്രമുഖസ്ഥാനമുള്ള ഹിൽസ മത്സ്യം സാധാരണയായി ബംഗ്ലാദേശിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്.

പശ്ചിമ ബംഗാളിലെ പെട്രപോൾ അന്താരാഷ്ട്ര അതിർത്തി വഴി കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 500 ടൺ ഹിൽസയാണ് ബംഗ്ലാദേശിലേക്ക് അയച്ചത്. വരും ആഴ്ചകളിൽ 150 മുതൽ 200 ടൺ വരെ അധികം ഹിൽസ കൂടി കയറ്റുമതി ചെയ്യാനാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

സാധാരണയായി, ദുർഗ്ഗാ പൂജ ആഘോഷവേളകളിൽ ബംഗ്ലാദേശ് സർക്കാർ അനുമതി നൽകുമ്പോഴാണ് അവിടെനിന്ന് ഇന്ത്യയിലേക്ക് ഹിൽസ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, നിലവിൽ ബംഗ്ലാദേശ് ഇന്ത്യയിലേക്കുള്ള ഹിൽസ കയറ്റുമതി നിർത്തിവെച്ചിരിക്കുകയാണ്.

"നമ്മുടെ രാജ്യത്ത് നിന്നുള്ള ഹിൽസ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇതാദ്യമാണ്. ഇത് സ്വാഗതാർഹമായ മാറ്റമാണ്. ലഭിക്കുന്ന മീനുകളിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളതാണ്," ബംഗാളിലെ ഫിഷ് ഇംപോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറിയും ഹൗറ ഹോൾസെയിൽ ഫിഷ് മാർക്കറ്റ് ഭാരവാഹിയുമായ സയ്യിദ് അൻവർ മഖ്സൂദ് ദി ഇൻഡ്യൻ എക്സ്പ്രസിനോട്  പറഞ്ഞു.

 "മുമ്പ് ബംഗ്ലാദേശിലെ പത്മ നദിയിൽ നിന്നുള്ള ഹിൽസയ്ക്കായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. പിന്നീട് ഇതിന്റെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ വന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള മത്സ്യം ബംഗ്ലാദേശിലേക്ക് പോകുന്നതിലും അവിടെയുള്ള ആളുകൾക്ക് അത് ഇഷ്ടപ്പെടുന്നതിലും സന്തോഷമുണ്ട്." പെട്രപോൾ ക്ലിയറിംഗ് ഏജന്റ്സ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കാർത്തിക് ചക്രബർത്തി പറഞ്ഞു,

മീൻ വ്യാപാരികളുടെയും കയറ്റുമതിക്കാരുടെയും അഭിപ്രായത്തിൽ, ഇരു അയൽരാജ്യങ്ങളിലെയും ഉത്പ്പാദനത്തിലും ലഭ്യതയിലും ഉപഭോക്തൃ ആവശ്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. കയറ്റുമതി ചെയ്യുന്ന ഹിൽസയുടെ വലിയൊരു ഭാഗം ഗുജറാത്തിലെ ബറൂച്ച് മേഖലയിൽ നിന്നുള്ളതാണ്. ചില വിതരണങ്ങൾ ബംഗാളിലെ ഹൗറ ഫിഷ് മാർക്കറ്റ് വഴിയും നടന്നിട്ടുണ്ട്.

കൂടുതൽ മുട്ടയുള്ള ഹിൽസയ്ക്ക് ബംഗ്ലാദേശിലെ ചിറ്റഗോങ്, സിൽഹെറ്റ് തുടങ്ങിയ ജില്ലകളിൽ വലിയ ഡിമാൻഡുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പെൺ ഹിൽസ മത്സ്യത്തിലെ പൂർണ്ണ വളർച്ചയെത്തിയ മുട്ടകളാണ് 'റോ' എന്ന് അറിയപ്പെടുന്നത്. ഇത് പലതരം വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ബംഗ്ലാദേശിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വീണ്ടും കയറ്റുമതി ചെയ്യാനും ഉണക്കമീൻ വിഭവങ്ങൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.

"കയറ്റുമതി ചെയ്യുന്ന മീനുകളിൽ വലിയ അളവിൽ മുട്ട അടങ്ങിയിട്ടുണ്ട്. ഈ മുട്ട വേർതിരിച്ചെടുത്ത് പായ്ക്ക് ചെയ്ത് വീണ്ടും കയറ്റുമതി ചെയ്യുന്നു. ഹിൽസ ഉപ്പിലിട്ട് ഉണക്കി ബംഗ്ലാദേശിൽ വിൽക്കുകയും ചെയ്യുന്നു," മഖ്സൂദ് പറഞ്ഞു.

"ഇന്ത്യൻ ഹിൽസയുടെ കയറ്റുമതി വെറുമൊരു വ്യാപാരം മാത്രമല്ല, ഈ മത്സ്യത്തിനുള്ള ഉയർന്ന സാമ്പത്തിക മൂല്യത്തെയും മേഖലയിലെ വലിയ ആവശ്യത്തെയും വ്യക്തമാക്കുന്ന സൂചനയാണിത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഇത് സംഭാവന നൽകുന്നു," സെൻട്രൽ ഇൻലാന്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രദീപ് ഡേ പറഞ്ഞു.

ഹിൽസയുമായി സാംസ്കാരികമായി ഏറെ ബന്ധമുള്ള പശ്ചിമ ബംഗാളിന്, ഈ മാറ്റം കയറ്റുമതി ലക്ഷ്യമാക്കിയുള്ള മത്സ്യബന്ധന സംരംഭങ്ങളെ ശക്തമാക്കാൻ സഹായിക്കും. നേരത്തെ, ഫിഷ് ഇംപോർട്ടേഴ്സ് അസോസിയേഷന്റെ ഒരു സംഘം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച് ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറി അതാവുർ റഹ്മാൻ ഖാനെ കാണുകയും ഇന്ത്യയിലേക്കുള്ള ഹിൽസ കയറ്റുമതി നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

"നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ബംഗ്ലാദേശ് പ്രധാനമന്ത്രിക്കും മറ്റും കത്തയച്ചിരുന്നു. 2012 ജൂലൈ മുതൽ ബംഗ്ലാദേശിൽ നിന്നുള്ള ഹിൽസ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 2019-ൽ ദുർഗ്ഗാ പൂജ സമയത്ത് ഒരു മാസത്തെ സമയപരിധിയോടെ മാത്രമാണ് അവർ അനുമതി നൽകിയിരുന്നത്. ഇത് പ്രായോഗികമല്ല," മഖ്സൂദ് പറഞ്ഞു.

"ബംഗ്ലാദേശ് സർക്കാർ നിശ്ചിത അളവിൽ അനുമതി നൽകുമെങ്കിലും, നൽകുന്ന സമയം കുറവായതിനാൽ എത്തിച്ചേരുന്ന അളവ് വളരെ കുറവാണ്. ഉദാഹരണത്തിന്, 2024 സെപ്റ്റംബറിൽ 2,420 മെട്രിക് ടൺ അനുമതി നൽകിയെങ്കിലും 577 മെട്രിക് ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്. 2025 സെപ്റ്റംബറിൽ 1,200 ടൺ അനുമതി നൽകിയെങ്കിലും 150 മെട്രിക് ടൺ മാത്രമാണ് കൊണ്ടുവരാൻ കഴിഞ്ഞത്," മഖ്സൂദ് വ്യക്തമാക്കി.