ഗുജറാത്തിലെ ആറ് ചെറിയ പാർട്ടികൾക്ക് ₹1,700 കോടി സംഭാവന ലഭിച്ചു; ബിജെപി ഒഴികെയുള്ള മറ്റ് ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ചത് ₹1,480 കോടി

ആറിൽ നാല് പ്രാദേശിക പാർട്ടികളും അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ളവയാണെന്നും ബിബിസി ഹിന്ദി ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു

ഗുജറാത്തിലെ 6 പ്രാദേശിക പാർട്ടികൾക്ക് അഞ്ച് ദേശീയ പാർട്ടികളേക്കാൾ സമ്പത്തുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. 2023- 24 സാമ്പത്തിക വർഷത്തിൽ ആറു പാർട്ടികളുടെ സമ്പത്ത് 1700 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസും സിപിഎമ്മും അടക്കം അഞ്ചുപാർട്ടികൾ ചേർന്നാലുള്ള സമ്പത്ത് 1480 കോടി രൂപയേ വരൂ. ആറിൽ നാല് പ്രാദേശിക പാർട്ടികളും അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ളവയാണെന്നും ബിബിസി ഹിന്ദി ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു

ആം ജൻമത്ത് പാർട്ടി, ഭാരതീയ ദേശീയ ജനതാദൾ, ഗരീബ് കല്യാൺ പാർട്ടി, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി, സത്യവാദി രക്ഷക് പാർട്ടി, സ്വതന്ത്ര അഭിവ്യക്തി പാർട്ടി എന്നിവയുടെ കണക്കുകളാണ് പുറത്ത് വന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് പാർട്ടികൾക്ക് സമ്പത്ത് കുമിഞ്ഞുകൂടിയത്.എന്നാൽ, ഈ പാർട്ടികളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 15 പേർ മാത്രമാണെന്നും പറയുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത്തരം പ്രാദേശിക പാർട്ടികൾ ഉയർന്നുവന്നിരുന്നു. ഈ പാർട്ടികളെല്ലാം ബിജെപിയുമായി ബന്ധമുള്ളവയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.ബിബിസി റിപ്പോർട്ട് പ്രകാരം, ആദായനികുതി വകുപ്പ് ഈ കക്ഷികളെക്കുറിച്ച് അന്വേഷണം പോലും നടത്തിയിട്ടില്ല.ബിജെപിയുടെ കള്ളപ്പണം വെളുപ്പിക്കൽ എന്ന കളിയാണിതെന്നാണ്  പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.