നിരോധനാജ്ഞയും വിലക്കും കാറ്റിൽപ്പറത്തി തിരംഗ മാർച്ച്; സമരക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ്
ന്യൂഡൽഹി: ഡൽഹി പോലീസിന്റെ വിലക്ക് അവഗണിച്ച് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകീട്ട് അഞ്ചിന് കോക്രോച്ച് ജനതാ പാർട്ടിയും ഇടതു വിദ്യാർത്ഥി, യുവജന സംഘടനകളും ആഹ്വാനം ചെയ്ത 'ലെഹ്റാ ദോ തിരംഗ' മാർച്ചിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. ജന്തർമന്തർ സമരവേദിയല്ലാതാക്കി പ്രഖ്യാപിച്ചതിന് പിന്നാലെ അവിടെ കടന്നുകയറി ദേശീയപതാക ഉയർത്തിയെന്നാരോപിച്ച് അറസ്റ്റിലായ സി.ജെ.പി. നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
AIYF പ്രസിഡന്റ് റൗഷൻ കുമാർ സിൻഹ, ജനറൽ സെക്രട്ടറി സുഖ്ജിന്ദർ മഹേസാരി, AISF പ്രസിഡന്റ് വിരാജ് ദേവാംഗ്, DYFI ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, SFI പ്രസിഡന്റ് ആദർശ് എം. സജി, ജനറൽ സെക്രട്ടറി സൃജൻ ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിൽ, AISF-AIYF, SFI-DYFI പ്രവർത്തകർ ഫിറോസ് ഷാ റോഡിൽ നിന്ന് കണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തി. പോലീസിന്റെ ശക്തമായ സുരക്ഷാ സന്നാഹങ്ങളെയും തടസ്സങ്ങളെയും അവഗണിച്ച്, അഭിമാനത്തോടെ ദേശീയ പതാക ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഈ പ്രകടനം.
CPI ദേശീയ സെക്രട്ടറി പി. സന്തോഷ് കുമാർ എംപി, CPI ഡൽഹി സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പ്രൊഫ. ദിനേഷ് വർഷിനേ, CPI(M) എംപിമാരായ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എ. എ. റഹീം എന്നിവരും ഈ മാർച്ചിനൊപ്പം അണിനിരന്നു.
നേരത്തെ, കരോൾ ബാഗിലെ വസതിയിലെത്തി പോലീസ് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നോട്ടീസ് നൽകിയെങ്കിലും മാർച്ച് ഉപേക്ഷിക്കാൻ ദീപ്കെ തയ്യാറായില്ല. തുടർന്ന് ദേശീയപതാകയേന്തി കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട ദീപ്കെയെ പോലീസ് വസതിക്ക് പുറത്തുവെച്ച് കസ്റ്റഡിയിലെടുത്തു. തടയാൻ ശ്രമിച്ച അനുഭാവികളെ ബലം പ്രയോഗിച്ച് മാറ്റിയാണ് പോലീസ് വാഹനം കൊണ്ടുപോയത്. തുടർന്ന്, സിജെപി പ്രവർത്തകർ ദേശീയ പതാകയേന്തി കൊണാട്ട് പ്ലേസിലേക്ക് നീങ്ങി.
ഇതിനിടെ, മണ്ഡിഹൗസിൽനിന്ന് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തിയ ഐസ പ്രവർത്തകരെ പോലീസ് തടയുകയും നേതാക്കളായ നേഹാ ബോറ, ദിപങ്കർ ഭട്ടാചാര്യ തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസ് വാഹനം തടയാൻ റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി.