‘വീണ നൽകിയ സേവനത്തിനാണ് സിഎംആർഎൽ പണം നൽകിയത്, ഹസൻ വാരിസിൻ്റെ കത്ത് ഗൗരവതരം’: മുഹമ്മദ് റിയാസ്
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. വീണ മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വീണയും സിഎംആർഎല്ലും തമ്മിൽ നടന്നത് നിയമപരമായ ഇടപാടാണെന്നും ജിഎസ്ടി ഉൾപ്പെടെ അടച്ചതിന്റെ രേഖകളുണ്ടെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സിഎംആർഎൽ എം.ഡി വീണയ്ക്ക് എതിരെ മൊഴി നൽകിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയാണ് ഇ.ഡി മൊഴി രേഖപ്പെടുത്തിയത്. ഹസൻ വാരിസിനെ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് റിയാസ് ആരോപിച്ചു. പിണറായി വിജയനെതിരെ മൊഴി നൽകാനാണ് ഇ.ഡി ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, പിണറായി വിജയനെ നേരിട്ട് അറിയില്ലെന്ന് ഹസൻ വാരിസ് പറഞ്ഞതോടെ വീണയുടെ പേര് പറയാൻ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ മകളെ പ്രതിയാക്കുമെന്ന് ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് കൂട്ടിച്ചേർത്തു.
മാസപ്പടി വിവാദത്തിൽ വീണ പ്രതികരിക്കാത്തതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും അവകാശമുണ്ടെന്നായിരുന്നു റിയാസിന്റെ മറുപടി. സേവനം നൽകിയിട്ടുണ്ടെന്ന് നൽകിയയാളും ലഭിച്ചയാളും പറഞ്ഞിട്ടുണ്ട്. വീണ പറയാത്ത കാര്യങ്ങളാണ് മൊഴി എന്ന രീതിയിൽ പുറത്തുവരുന്നത്.ഇ.ഡിയുടെ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സത്യം ജയിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.