തർക്കത്തിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ചു;'പുതിയ വിനീഷ്യസ് നിയമം' പ്രകാരം പരാഗ്വൻ താരത്തിന് ചുവപ്പ് കാർഡ്
വാഷിങ്ടൺ: തർക്കത്തിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ചതിന് പരഗ്വായ് താരം മിഗ്വേൽ അൽമിറോണ് ചുവപ്പ് കാർഡ്. തുർക്കിക്കെതിരായ മത്സരത്തിലെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് സംഭവം. ഫിഫയുടെ പുതിയ ചട്ടപ്രകാരമാണ് നടപടി. ഈ നിയമപ്രകാരം പുറത്താവുന്ന ആദ്യ താരമാണ് അൽമിറോൺ. മത്സരത്തിൽ 65-ാം സെക്കൻഡിൽ നേടിയ ഗോളിന് പരഗ്വായ് തുർക്കിയെ പരാജയപ്പെടുത്തി.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ നാടകീയമായ രംഗങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. കളിക്കളത്തിൽ ഇരുടീമിലെയും കളിക്കാർ തമ്മിൽ തർക്കമുടലെടുക്കുകയായിരുന്നു. അതോടെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടു. അതിനിടെ പരഗ്വായ് താരം മിഗ്വൽ അൽമിറോൺ തുർക്കിയുടെ മെർട് മുൾഡറിനടുത്തു വന്ന് വായ പൊത്തിപ്പിടിച്ച് സംസാരിച്ചു. ഉടൻ തന്നെ തുർക്കി താരം ഇത് റഫറിയെ അറിയിച്ചു. പിന്നാലെ റഫറി ഇക്കാര്യം വിശദമായി പരിശോധിച്ചു. വാർ പരിശോധനയിൽ അൽമിറോൺ വായ പൊത്തിപ്പിടിച്ചാണ് സംസാരിച്ചതെന്ന് വ്യക്തമാകുകയും ചെയ്തു. അതോടെ റഫറി ഒന്നും ആലോചിച്ചില്ല. ചുവപ്പ് കാർഡ് നൽകി താരത്തെ പുറത്താക്കി.
എതിർടീമിലെ താരങ്ങളുമായി തർക്കത്തിലേർപ്പെടുമ്പോഴോ മറ്റോ വായ പൊത്തിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ് നൽകുമെന്ന പുതിയ 'വിനീഷ്യസ് നിയമ"ത്തെ കുറിച്ച് ഫിഫ നേരത്തേ കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ടൂർണമെന്റിന് മുൻപാണ് ഫിഫ ഈ പുതിയ നിർദേശം നൽകിയത്.