ഡൽഹിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കേന്ദ്രം; ഇടതുപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് പൊലീസ്
ന്യൂഡൽഹി: ജനങ്ങളുടെ മൗലികാവകാശങ്ങൾ കവരുന്ന ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കേന്ദ്രസേനയെ ഇറക്കി അതിക്രൂരമായി അടിച്ചമർത്തുന്നു. ഡൽഹി പ്രക്ഷോഭത്തിന് ആവേശം പകരുന്ന ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും കൃത്യമായി ലക്ഷ്യമിട്ട് നീചമായ ആക്രമണം അഴിച്ചുവിടുന്നതാണ് ഞായറാഴ്ച കണ്ടത്. പ്രതിഷേധക്കാരെ വലിച്ചിഴച്ചും അതിക്രൂരമായി മർദിച്ചും സ്ത്രീകളെ കൈയേറ്റം ചെയ്തും സമരം തകർക്കാനാണ് മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കം. രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഭരണകൂട ഭീകരതയ്ക്കാണ് ഡൽഹി തെരുവുകൾ സാക്ഷ്യം വഹിക്കുന്നത്.
ഇടതുപക്ഷത്തെ അടിച്ചൊതുക്കിയാൽ പ്രക്ഷോഭം കെടുത്താമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ ഞായറാഴ്ച നീങ്ങിയത്. അഴിഞ്ഞാടാൻ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. സിപിഐഎം, സിപിഐ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ്, ഐസ നേതാക്കളെയാണ് തെരഞ്ഞുപിടിച്ച് ആക്രമിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് എംപിയെ സേന ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. നൂറോളം പേർ വളഞ്ഞിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വണ്ടിയിൽ കയറ്റിയും അതിക്രൂരമായി മർദിച്ചു. അവശനായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായപ്പോൾ റോഡിൽ ഉപേക്ഷിച്ചു. വാഹനത്തിൽവെച്ച് മുഖം പൊത്തിപ്പിടിച്ച് ക്രൂരമായി മർദിച്ചുവെന്ന് ബ്രിട്ടാസ് പറഞ്ഞു.
കൊണാട്ട് പ്ലേസിലും വി.പി ഹൗസിന് മുന്നിലും നടക്കുന്ന കൂറ്റൻ പ്രതിഷേധത്തിൽഎ.ഐവൈഎഫ്, എ.ഐ.എസ്.എഫ്, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഐസ (AISA) സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ചും ക്രൂരമായി വലിച്ചിഴച്ചുമാണ് സംഭവസ്ഥലത്തുനിന്ന് നീക്കിയത്.
പോലീസ് അതിക്രമത്തിനിടെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ മർദ്ദനമേറ്റിട്ടും വഴങ്ങാതെ ആയിരക്കണക്കിന് യുവാക്കൾ തെരുവിൽ ഉറച്ചുനിൽക്കുകയാണ്. സമാധാനപരമായി പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ പോലീസ് വൻതോതിൽ ബലപ്രയോഗം നടത്തുകയായിരുന്നു.പ്രതിഷേധം കനത്തതോടെ ഡൽഹിയിലെ തെരുവുകളിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ഡിവൈഎഫ്ഐ നേതാവ് ജയ്ക് സി തോമസിനെ റോഡിലൂടെ ദീർഘദൂരം വലിച്ചിഴച്ചു. വസ്ത്രം വലിച്ചുകീറി ക്രൂരമർദനം തുടർന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ള വിദ്യാർഥി നേതാക്കളെയും റോഡിലൂടെ ക്രൂരമായി വലിച്ചിഴച്ചാണ് ഇടിവണ്ടിയിലേക്ക് എത്തിച്ചത്. മുതിർന്ന സിപിഐ നേതാവ് ആനി രാജയെയും പൊലീസ് സമാനമായ രീതിയിൽ വലിച്ചിഴച്ചു. ഇടിവണ്ടിയിലിട്ടും റോഡിലിട്ടും നേതാക്കളെ ക്രൂരമായി മർദിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. പലരും അബോധാവസ്ഥയിലായി.
സമരത്തിന് പിന്തുണയുമായെത്തിയ യൂട്യൂബറും സാമൂഹിക നിരീക്ഷകനുമായ ധ്രുവ് റാഠിയെയും കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തെയും അജ്ഞാതകേന്ദ്രത്തിലെത്തി മർദിച്ചു. കൊണാട്ട് പ്ലേസിലും ജന്തർ മന്തറിലും സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങളെയും വിദ്യാർഥികളെയും കഴുത്തിന് പിടിച്ച് തള്ളുകയും വനിതാ പ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും ചെയ്തു.
സമരവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പിടിച്ചുകൊണ്ടുപോയി. ഇന്നും നിരവധി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരെപ്പോലും വെറുതെവിടുന്നില്ല. എല്ലാ അര്‍ത്ഥത്തിലും സമരത്തെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യം.