'എത്ര കിട്ടി', സതീശൻ പറയണമെന്ന് രാജേഷ്; വീര്യം കുറഞ്ഞ മദ്യത്തിൽ പൊള്ളി സർക്കാർ

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതിനെതിരെ പ്രതിപക്ഷം രം​ഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകി. മദ്യം ഒഴുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മദ്യക്കമ്പനികളുടെ കൈയിൽ നിന്നും എത്ര പണം വാങ്ങി. വിഡി സതീശൻ എത്ര കിട്ടിയെന്ന് വ്യക്തമാക്കണമെന്നും രാജേഷ് കടുപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് അനുകൂല്യം ഇല്ല. അപ്പോഴാണ് മദ്യം ഒഴുക്കുന്ന ഈ വിസ്മയം. കർണാടക മദ്യ ലോബി ഇതിന് പിന്നിലുണ്ടെന്നും രാജേഷ് ആരോപിച്ചു.

മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലാണ്, സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി പകുതിയ്ക്കും താഴെയായി കുറച്ചത്. റെഡി ടു ഡ്രിങ്ക് ഗണത്തിൽ പെടുന്ന മദ്യത്തിന്റെ നികുതി കുറഞ്ഞതോടെ, മദ്യ ഉപഭോഗം ഇരട്ടിയാകും. കുട്ടികൾക്ക് വരെ സുലഭമായി മദ്യം ലഭിക്കുന്ന അവസ്ഥയാകും. പഴം, പച്ചക്കറി എന്നിവയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് വൈനുകൾക്ക് ഏർപ്പെടുത്തുന്ന നികുതി മാത്രമാണ് ഉള്ളത്. അതേസമയം സ്പിരിറ്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് കൂടിയ നികുതിയാണ് ഏർപ്പെടുത്താറുള്ളത്. പക്ഷെ ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു നികുതി വെട്ടി കുറച്ചു. കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഈ രംഗത്ത് ഉള്ളത്. നികുതി കുറച്ചത് അവർക്ക് മാത്രമാണ് ലാഭം. അത്‌ കൊണ്ട് തന്നെ ഈ പ്രഖ്യാപനത്തിലൂടെ എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് എം. ബി. രാജേഷ് ആവശ്യപ്പെട്ടു.

എൽ. ഡി എഫ് സർക്കാരിൻ്റെ കാലത്തു ഇതേ ആവശ്യവുമായി കമ്പനി വന്നെങ്കിലും, അംഗീകരിച്ചില്ല. സമൂഹത്തിൽ മദ്യ ഉപഭോഗം കൂടുന്നത് ആണെന്ന് അന്നേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കേരളത്തിൽ മദ്യം ഒഴുകാനുള്ള വിസ്മയം ആണ് ഇപ്പോൾ യുഡിഫ് സർക്കാർ നടത്തുന്നത് എന്നും എം. ബി. രാജേഷ് വിമർശിച്ചു.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപനയ്ക്ക് സാധ്യത തുറന്ന് ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചതിൽ യുഡിഎഫ് സര്‍ക്കാരിലും പുറത്തും വിവാദം. നികുതി ഘടന പരിഷ്കരം എക്സൈസ് മന്ത്രി എം ലിജു മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയിൽ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്.