പാർട്ടി അടിമുടി മാറണമെന്ന് പൊതുവികാരം; പാർട്ടിക്കുണ്ടായ പരാജയത്തിൽ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോവും
കോഴിക്കോട്: സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ മാർഗ്ഗ രേഖയിന്മേലുള്ള പൊതു ചർച്ച അവസാനിച്ചു. പൊതുചർച്ചയിൽ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നില്ല. എന്നാൽ പാർട്ടി അടിമുടി മാറണമെന്നും തിരുത്തൽ വേണമെന്നതുമായിരുന്നു പൊതുചർച്ചയിൽ ഉയർന്ന് വന്ന പൊതുവികാരം. പൊതു ചർച്ചയ്ക്കുള്ള മറുപടി തയ്യാറാക്കാനായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നു..
ഇതിനിടെ പിണറായി സർക്കാരിനെതിരെ ചർച്ചയിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നു. വ്യവസായ താല്പര്യമായിരുന്നു മന്ത്രിമാർക്കെന്ന വിമർശനമാണ് സിഐടിയുവിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ വിമർശനം ഉന്നയിച്ചത്. മന്ത്രിമാർ തൊഴിലാളികൾക്ക് വേണ്ടിയല്ല നിലകൊണ്ടതെന്നും വിമർശനം ഉയർന്നു. ഭരണത്തിലുളളപ്പോൾ സമരം ചെയ്യാൻ അനുവദിക്കാത്തത് തിരിച്ചടിയായെന്നും വിമർശനമായി ഉയർന്നു വന്നു. വിവിധ മേഖലകളിലെ വിഷയങ്ങൾ ഉന്നയിച്ച് സമരം ചെയ്യാൻ അനുവദിച്ചില്ല. ഇത് ഈ മേഖലകളിലെ ജനങ്ങളെ സംഘടനകളിൽ നിന്ന് അകറ്റിയെന്നും വിമർശനം ഉയർന്നു
പാർട്ടിക്കുണ്ടായ പരാജയത്തിൽ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോവുക എന്നതുതന്നെയാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ താനടക്കമുള്ള എല്ലാവർക്കെതിരെയും വിമർശനവും സ്വയംവിമർശനവും ഉയർന്നിട്ടുണ്ടെന്നും തങ്ങളെല്ലാം തിരുത്തൽ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും പരിശോധിച്ചിരുന്നു. എന്നാൽ, ആ പരിശോധനയൊന്നും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് തിരുത്തൽ നടപടിയുമായി ശക്തമായി മുന്നോട്ട്‌പോവാൻ തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പാർട്ടിക്കുവേണ്ടിയാണെന്ന് പറഞ്ഞ് ചില ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന എല്ലാത്തരം ഇടപെടലുകളോടും യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ ഉയർന്നുവന്ന എല്ലാ കാര്യങ്ങൾക്കും അടുത്തദിവസം മറുപടി പറയും. ജില്ലാ തലത്തിലും ഇതുപോലുള്ള വിപുലീകൃത കമ്മിറ്റികൾ യോഗംചേരുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജൻസികൾകൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരു പൊതുവേദി രൂപവത്കരിക്കുന്നതിനേപ്പറ്റി ആലോചിക്കും. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയടക്കം ഇതിൽ പങ്കുചേർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.