ആദ്യ 'മെയ്ഡ് ഇൻ ഇന്ത്യ' C-295 സൈനിക വിമാനം കന്നി പരീക്ഷണ പറക്കൽ നടത്തി

വഡോദര: ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ എയർബസ് സി-295 (C-295) സൈനിക ചരക്ക് വിമാനം വഡോദരയിൽ വിജയകരമായി ആദ്യ പരീക്ഷണ പറക്കൽ നടത്തി. രാജ്യത്തെ വ്യോമയാന-പ്രതിരോധ നിർമ്മാണ മേഖലയിലെ ഒരു വലിയ മുന്നേറ്റമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. വഡോദരയിലെ ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് വിമാനം ബുധനാഴ്ച കന്നി പരീക്ഷണം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കീഴിൽ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേതാണിത്.

ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ സൈനിക വിമാനമാണിതെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. എയർബസ്, ടാറ്റ ഗ്രൂപ്പ് എന്നിവയ്ക്ക് പുറമെ രാജ്യത്തുടനീളമുള്ള നിരവധി ചെറുകിട-ഇടത്തരം സംരംഭങ്ങളും ഈ വിമാനത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളികളായിട്ടുണ്ട്. ഈ വർഷം തന്നെ ആദ്യ 'മെയ്ഡ് ഇൻ ഇന്ത്യ' സി-295 വിമാനം വ്യോമസേനയ്ക്ക് കൈമാറാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

വിവിധോദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഈ വിമാനം ചരക്ക് നീക്കം, നിരീക്ഷണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ്. 2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്നാണ് വഡോദരയിലെ ഈ നിർമ്മാണ ശാല ഉദ്ഘാടനം ചെയ്തത്