തമിഴ്‌നാട്ടിൽ സീഫുഡ് ഫാക്ടറിയിൽ വാതകച്ചോർച്ച: തൊഴിലാളികളായ ഏഴു സ്ത്രീകൾക്ക് ദാരുണാന്ത്യം; നിരവധി പേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്വകാര്യ സമുദ്രോത്പന്ന (സീഫുഡ്) കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതകച്ചോർച്ചയെത്തുടർന്ന് ഏഴ് ഇതരസംസ്ഥാന വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ അറുപതിലധികം തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥരും പൊലീസ് വൃത്തങ്ങളും അറിയിച്ചു.
ഞായറാഴ്ച പെരിയപാളയത്തിനടുത്തുള്ള സെന്റ് പീറ്റേഴ്സ് പോൾ സീഫുഡ്സ് എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. അസം, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറ്റിയിരുപതോളം ഇതരസംസ്ഥാന തൊഴിലാളികൾ ഫാക്ടറി സമുച്ചയത്തിനുള്ളിൽ തന്നെയുള്ള കെട്ടിടങ്ങളിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച അവധിയാതിനാൽ ഭൂരിഭാഗം തൊഴിലാളികളും താമസസ്ഥലത്തുണ്ടായിരുന്ന സമയത്താണ് വാതകച്ചോർച്ചയുണ്ടായത്.
ഫാക്ടറിയുടെ പ്രോസസിംഗ് യൂണിറ്റിൽ നിന്ന് ചോർന്ന അമോണിയ അതിവേഗം തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു. വാതകം ശ്വസിച്ച പലർക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും ചിലരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. അസ്വസ്ഥതകൾ അനുഭവപ്പെട്ട 67 തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ പ്രാദേശിക മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റിയതായി തിരുവള്ളൂർ ജില്ലാ കളക്ടർ എസ്. കവിത അറിയിച്ചു.