‘അറബിക്കടലിലല്ല അതിനപ്പുറം അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയണം’; പിഎം ശ്രീയിൽ കെ.എം. ഷാജി
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ.എം. ഷാജി പറഞ്ഞു. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലെന്നും ഷാജി നിലപാട് മാറ്റത്തെ ന്യായീകരിച്ചു. പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെ.എം. ഷാജി തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്.
പിഎം ശ്രീ വിഷയത്തിൽ കെഎം ഷാജിയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. അധികാരത്തിലേറും മുമ്പ് പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന പറഞ്ഞ ഷാജി, മന്ത്രിയായ ശേഷം നിലപാട് മാറ്റിയിരുന്നു.


