മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കി;വീഡിയോ വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കി;വീഡിയോ വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം. നാല്‍പ്പതിലധികം വീഡിയോകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ എഐ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയായിരുന്നു മുഖ്യമന്ത്രി വീഡിയോ സതീശന്‍ ഡാന്‍സ് കളിക്കുന്ന ഒരു എഐ വീഡിയോ പുറത്തുവരുന്നത്. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മെറ്റ അത് നീക്കം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ കാണാന്‍ കഴിയാത്ത നിലയിലാണ് വീഡിയോ നീക്കം ചെയ്തത്. വീഡിയോ ഇന്ത്യയില്‍ നിലവിലുള്ള ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് കാട്ടിയായിരുന്നു മെറ്റയുടെ നടപടി.

അതെസമയം,സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തന്റെ എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ച് വയസ്സുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നു എന്ന് തന്നോട് പറഞ്ഞതായും അദ്ദേഹം ലോ കോളേജിലെ പരിപാടിയിൽ പറഞ്ഞു. എന്നാൽ എ ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എ ഐ വീഡിയോയിൽ മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ അഭിപ്രായപ്പെട്ടിരുന്നു.