എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചിട്ടില്ല, മുഖ്യമന്ത്രിക്ക് ഈ കണക്ക് എവിടെനിന്ന് കിട്ടി?: പിണറായി വിജയൻ
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.
യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം ഇതിനോടകം 500 കവിഞ്ഞിട്ടുണ്ട്. ഇനിയും എണ്ണം കൂടും. പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം സംബന്ധിച്ച് വിവാദം ഉയർന്നപ്പോഴാണ് മുൻ സർക്കാരിനെ പഴിചാരി തടിതപ്പാൻ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്നാണ് മുഖ്യമന്ത്രി നുണ പറഞ്ഞത്.
എന്നാൽ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നും ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നും പിണറായി വിജയൻ ആവശ്യപ്പെട
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്.
കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.