2023 ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് 10 ദിവസം മുമ്പ് UAE പ്രസിഡൻ്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു

ടെൽഅവീവ്: ഹമാസ് വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുഎഇ പ്രസിഡന്റ് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഹമാസ് 2023 ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിന് ഏകദേശം പത്ത് ദിവസം മുമ്പായിരുന്നു ഈ മുന്നറിയിപ്പെന്നാണ് റിപ്പോർട്ട്. എന്നാൽ നെതന്യാഹു ഈ വിവരം ഇസ്രയേൽ സുരക്ഷാ മേധാവികളെ അറിയിക്കുകയോ ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹാരറ്റ്സ് പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹമാസ് നേതാവ് യഹിയ സിൻവാർ ഇസ്രയേലിനെതിരെ വലിയൊരു നീക്കത്തിന് തയ്യാറെടുക്കുകയാണെന്നും അത് വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കുകയും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുകയും അബ്രഹാം അക്കോർഡിന് വരെ തിരിച്ചടിയാകുകയും ചെയ്യുമെന്നും യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. മാധ്യമപ്രവർത്തകരായ ഷ്ലോമി എൽദറും റൂത്ത് യുവാലും ചേർന്ന് രചിച്ച ‘Kidnapped: 843 Days of Abandonment’ എന്ന പുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. ഇസ്രയേലിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ നടന്ന 45 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ മൂന്ന് മുതിർന്ന വിദേശ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഹാരറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദുമായി നടന്ന സംഭാഷണത്തെക്കുറിച്ച് നേരിട്ട് അറിവുള്ള ഗാസയിൽനിന്ന് യുഎഇയിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ ഫലസ്തീൻ ഉപദേഷ്ടാവിനെയും റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്.