വെനിസ്വേലയിൽ അതിശക്തമായ ഭൂചലനം; 32 മരണം, വിമാനത്താവളം അടച്ചു, അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു

കാരാക്കസ്: വെനിസ്വേലയിൽ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഉണ്ടായ അതിശക്തമായ രണ്ട് ഭൂചലനങ്ങളിൽ 32 മരണം. നൂറുകണക്കിന് പേർ പരുക്കേറ്റ് ചികിത്സയിലാണ്.

ബുധനാഴ്ച അർധരാത്രിയോടെയുണ്ടായ ഭൂകമ്പത്തിൽ തലസ്ഥാനമായ കാരാക്കസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ നാശനഷ്ടമാണുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. 1900-ന് ശേഷം വെനിസ്വേല നേരിടുന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ടുകൾ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കാരാക്കസിൽ നിന്നും 168 കിലോമീറ്റർ പടിഞ്ഞാറുള്ള തീരദേശ നഗരമായ മൊറോണിന് സമീപം ഭൂമിക്ക് അടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിന് തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളിൽ തന്നെ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ അതിശക്തമായ ഭൂചലനവുമുണ്ടായി. മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ തുടർ ഭൂചലനങ്ങളെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി. തലസ്ഥാനമായ കാരാക്കസിൽ നിരവധി വലിയ കെട്ടിടങ്ങളും മതിലുകളും തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങൾ വീണ് നഗരത്തിലെ പല തെരുവുകളും പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.

ഭൂകമ്പത്തിൽ വൻതോതിൽ ആളപായമുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദുരന്തത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്നാണ് സൂചനയെങ്കിലും ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാകാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം അടിയന്തരമായി പുരോഗമിക്കുകയാണ്. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അടിയന്തര രക്ഷാസേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.