തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വ്യക്തമാക്കുന്നത് എന്ത്? പ്രവർത്തനങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന വെളിപ്പെടുത്തലുകളെ കുറിച്ചുള്ള സമഗ്ര വിശകലനം
പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ വെട്ടിമാറ്റൽ, വോട്ടർപട്ടികയുടെ പൂർണ്ണമായ സുരക്ഷ ഉറപ്പുവരുത്തുന്ന ഐ.ടി സംവിധാനം തുടങ്ങിയ നിർണായക വിഷയങ്ങളിലാണ് ഇപ്പോൾ എതിർപ്പുകൾ ഉയരുന്നത്.ദ ഇൻഡ്യൻ എക്സ്പ്രസ് തയ്യാറാക്കിയ വീഡിയോ കാണാം..
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ മുൻപും വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാതലിനെത്തന്നെ ബാധിക്കുന്ന വിഷയങ്ങളിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ രേഖാമൂലം ശക്തമായ എതിർപ്പുകൾ ഉന്നയിക്കുന്നത് ഇതാദ്യമാണ്. പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ വെട്ടിമാറ്റൽ, വോട്ടർപട്ടികയുടെ പൂർണ്ണമായ സുരക്ഷ ഉറപ്പുവരുത്തുന്ന ഐ.ടി സംവിധാനം തുടങ്ങിയ നിർണായക വിഷയങ്ങളിലാണ് ഇപ്പോൾ എതിർപ്പുകൾ ഉയരുന്നത്. ദ ഇൻഡ്യൻ എക്സ്പ്രസ് തയ്യാറാക്കിയ ഈ വീഡിയോ ഓരോ ഇന്ത്യൻ പൌരരും നിർബന്ധമായും കാണേണ്ട ഒന്നാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയിലെ വികേന്ദ്രീകരണം തന്നെയായിരുന്നു അതിൻ്റെ ഏറ്റവും വലിയ സുരക്ഷാ കവചം. വോട്ടർപട്ടികയിൽ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് പതിറ്റാണ്ടുകളായി കമ്മീഷൻ നൽകിയിരുന്ന മറുപടി, ഒരൊറ്റ വ്യക്തിയോ സംഘമോ അല്ല വോട്ടർപട്ടിക നിയന്ത്രിക്കുന്നത്, ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് നിയമാനുസൃത ഉദ്യോഗസ്ഥരാണ് വോട്ടർപട്ടിക തയ്യാറാക്കുന്നത് എന്നതായിരുന്നു. എന്നാൽ ഡിജിറ്റൽ സംവിധാനങ്ങളുടെ നിയന്ത്രണം കേന്ദ്രീകരിക്കപ്പെടുമ്പോൾ ഈ സുരക്ഷാ കവചം ദുർബലപ്പെടുന്നുവെന്നാണ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരും പരാതിപ്പെടുന്നത്. താഴെത്തട്ടിലെ ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങൾ തടഞ്ഞുവെക്കാനും, മറികടക്കാനും, റദ്ദാക്കാനും ഡൽഹിയിലെ ഒരു സംഘത്തിന് ഇപ്പോൾ സാധിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ മുൻപും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. 2009 ജനുവരിയിൽ, വാജ്പേയി സർക്കാരിന്റെ കാലത്ത് കമ്മീഷണറായി നിയമിക്കപ്പെടുകയും പിന്നീട് സി.ഇ.സിയാവുകയും ചെയ്ത എൻ. ഗോപാലസ്വാമി, സഹ കമ്മീഷണർ നവീൻ ചൗള പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. എന്നാൽ 2009 മാർച്ച് 1 ന് മൻമോഹൻ സിംഗ് സർക്കാർ ഈ ശുപാർശ തള്ളുകയും, ആ ഏപ്രിലിൽ ചൗള അടുത്ത സി.ഇ.സി ആയി ചുമതലയേൽക്കുകയും ചെയ്തു. തുടർന്ന് വീഡീയോ കാണുക.....