സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട്; അപ്പീലുകൾ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജികൾ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
നേരത്തെ സമർപ്പിച്ച ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും ചില സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ച്, അവ തിരുത്തി ഫയൽ സമർപ്പിച്ച ശേഷം വാദം കേൾക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടർന്ന് പിഴവുകൾ പരിഹരിച്ച് സമർപ്പിച്ച ഹർജികളിലാണ് ഇന്ന് വിശദമായ വാദം നടക്കുന്നത്.
തങ്ങളുടെ ഭാഗം കേൾക്കാതെയും വിശദീകരണം തേടാതെയുമാണ് സിംഗിൾ ബെഞ്ച് കേസെടുക്കാൻ ഉത്തരവിട്ടതെന്നതാണ് ഹർജിക്കാരുടെ പ്രധാന ആക്ഷേപം. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ സി.എം.ആർ.എൽ കമ്പനിക്ക് ഏതെങ്കിലും തരത്തിൽ വഴിവിട്ട ആനുകൂല്യം നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലോ രേഖകളിലോ ഇല്ല. കേവലം ചില മൊഴികളുടെയോ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെയോ മാത്രം ബലത്തിലാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
സിംഗിൾ ബെഞ്ചിന് മുന്നിലെത്തിയ ഹർജി പൊതുതാൽപര്യ സ്വഭാവമുള്ള ഒന്നായിരുന്നു. ഇത്തരത്തിലുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചാണ് പരിഗണിക്കേണ്ടിയിരുന്നത് എന്നിരിക്കെ മറ്റൊരു ബെഞ്ച് വിധി പ്രസ്താവിച്ചത് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സിംഗിൾ ബെഞ്ചിൽ നടന്ന കേസിൽ പിണറായി വിജയനടക്കമുള്ളവർ നേരിട്ട് എതിർകക്ഷികൾ അല്ലാത്തതിനാൽ അപ്പീൽ ഹർജി നേരിട്ട് ഫയലിൽ സ്വീകരിക്കാൻ കഴിയില്ല. അതിനാൽ അപ്പീൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്പെഷ്യൽ ലീവ് പെറ്റീഷനാണ് ഇവർ നൽകിയിട്ടുള്ളത്. ഈ അപേക്ഷയിൽ വാദം കേട്ട ശേഷമായിരിക്കും അപ്പീൽ ഫയലിൽ സ്വീകരിക്കുന്നതിലും വിധി നടപ്പാക്കുന്നത് തടയുന്നതിലും ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുക.