തെലുങ്ക് സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെടുത്തി കാട്ടാന പടയപ്പ

തെലുങ്കു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പടയപ്പയുടെ ‘മാസ് എ‍ൻട്രി’. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കുണ്ടള ഗോൾഫ് ക്ലബ്ബിൽ, അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ‘ശ്രീനിവാസ മാങ്കപുരം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പടയപ്പ എന്ന കാട്ടാനയെത്തിയത്. തെലുങ്കു നടൻ ഘട്ടമനേനി ജയകൃഷ്ണയും നടി റാഷ തദാനിയും ചേർന്നുള്ള ഭാഗങ്ങൾ ഗോൾഫ് ക്ലബ്ബിന്റെ മുൻപിലുള്ള വിശാലമായ പുൽമേട്ടിൽ ചിത്രീകരിക്കുന്നതിനിടെയാണു പടയപ്പയുടെ വരവ്.

ആനയെ കണ്ടതോടെ ഭയന്ന് ഷൂട്ടിങ് നിർത്തിവച്ച് എല്ലാവരും ഗോൾഫ് ക്ലബ്ബിന്റെ അകത്തു കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ആർആർടി സംഘമാണ് പുൽമേട്ടിൽ മേഞ്ഞുനടന്ന ആനയെ ഓടിച്ചത്. ഒരാഴ്ചയായി കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ ് പടയപ്പയുടെ സാന്നിധ്യമുള്ളത്.