രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിയ മുൻതൂക്കം; 5 കോർപ്പറേഷനുകളിൽ മുന്നിൽ, കോൺഗ്രസ് മൂന്നിടത്ത്,ഒരിടത്ത് സിപിഎം
ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപിക്ക് ആശ്വാസകരമായ മുന്നേറ്റം. ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് കോർപ്പറേഷനുകളിൽ ലീഡ് നേടി. മൂന്നിടത്ത് കോൺഗ്രസും ഒരിടത്ത് സ്വതന്ത്രരും മുന്നിട്ട് നിൽക്കുമ്പോൾ ജോധ്പുരിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകളും 47 മുനിസിപ്പൽ കൗൺസിലുകളും 252 നഗരസഭകളും ഉൾപ്പെടും.
നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.
നിരവധി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്ന ഘട്ടത്തിലുള്ള തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആശ്വാസം നൽകുന്നതാണ്. തോൽവി ഭയന്നാണ് ബിജെപി സർക്കാർ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
അൽവാർ, ഉദയ്പുർ, കോട്ട, ജയ്പുർ, ഭിൽവാര എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലാണ് ബിജെപി ലീഡ് നേടിയത്. അജ്മീർ, പാലി, ബിക്കാനെർ എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് നേടിയിട്ടുണ്ട്. ഭരത്പുരിൽ സ്വതന്ത്രർക്കാണ് ലീഡ്.
9,465 വാർഡുകളിലെ ഫലം പ്രഖ്യാപിച്ചു. ·ബിജെപി - 3,866, കോൺഗ്രസ് - 3,347, സ്വതന്ത്രർ - 2,117, RLP - 55,CPI(M) - 38, മറ്റുള്ളവർ - 42 എന്നിങ്ങൻെയാണ് കക്ഷിനില.
ഉച്ചവരെയുള്ള ഫലസൂചനകൾ അനുസരിച്ച് 47 മുനിസിപ്പൽ കൗൺസിലുകളിൽ 21 ഇടങ്ങളിൽ ബിജെപിയും 16 ഇടങ്ങളിൽ കോൺഗ്രസും ലീഡ് നേടിയിട്ടുണ്ട്. 252 നഗരസഭകളിൽ 110 നഗരസഭകളിലാണ് ബിജെപി മുന്നേറുന്നത്. 95 ഇടങ്ങളിൽ കോൺഗ്രസിനാണ് ലീഡ്.
ഇതിനിടെ നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിഭാഗം സ്ഥലങ്ങളിലും മുന്നിലാണെന്നും ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊസ്താര രംഗത്തെത്തി.
'ബി.ജെ.പി തിരഞ്ഞെടുപ്പിൽ തോൽക്കുകയാണ്. അതിനാൽ അവർ അധികാരവും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് ജനവിധി അട്ടിമറിക്കാൻ ശ്രമം നടത്തുകയാണ്. ചെറിയ വ്യത്യാസത്തിൽ വിജയിച്ച സീറ്റുകളുടെ ഫലങ്ങൾ സമ്മർദത്തിലൂടെ അട്ടിമറിക്കുന്നു, സ്വതന്ത്രരെയും കോൺഗ്രസ് കൗൺസിലർമാരെയും ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാൻ കളികൾ നടക്കുന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്', ഗോവിന്ദ് സിങ് ദൊസ്താര ആരോപിച്ചു.
ബോർഡ് രൂപീകരിക്കുന്നതിനായി ബിജെപി പോലീസ് സംവിധാനത്തെ ദുരുപയോഗംചെയ്യുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. അത്തരം ശ്രമങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. പോലീസും ജില്ലാ ഭരണകൂടവും നിഷ്പക്ഷത ഉറപ്പാക്കണം. അല്ലെങ്കിൽ, ജനവിധി അട്ടിമറിക്കുന്ന ഓരോ ഉദ്യോഗസ്ഥനും മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംതൃപ്തി നൽകുന്നതാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നുവെന്നും ബിജെപി പ്രതികരിച്ചു.