വൈദ്യുതി പ്രതിസന്ധിയിൽ സണ്ണി ജോസഫിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം; പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന വിചിത്ര വാദവുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി നിയന്ത്രണത്തിലും അപ്രഖ്യാപിത പവർകട്ടിലും യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധം മൂർച്ച കൂട്ടുമ്പോൾ, ഭരണപക്ഷത്തെ ഞെട്ടിച്ച് കോൺഗ്രസ് അനുകൂല സമൂഹമാധ്യമ പ്രൊഫൈലുകളിൽ മന്ത്രിക്ക് നേരെ രൂക്ഷവിമർശനം. വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ കഴിവുകേടാണ് ജനകീയ സർക്കാരിനെ അനാവശ്യമായി പ്രതിരോധത്തിലാക്കിയതെന്ന വികാരമാണ് കോൺഗ്രസ് ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും പരസ്യമായി ഉയരുന്നത്. 'ഇന്ദിര കട്ട്' എന്നും 'പ്രിയദർശിനി കട്ട്' എന്നും പേരിട്ട് സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ, വെറും സാങ്കേതിക ന്യായങ്ങൾ മാത്രം നിരത്തി ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രവർത്തകർ തുറന്നടിക്കുന്നു.

"പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയ കരാർ കാരണം നമ്മൾ അങ്ങോട്ട് വൈദ്യുതി തിരിച്ചുനൽകേണ്ട സ്ഥിതിയാണ്. ഉത്പാദനം കുറയുകയും വൈദ്യുതി തിരിച്ചുനൽകേണ്ട അവസ്ഥ വരികയും ചെയ്താൽ സ്വാഭാവികമായും പവർകട്ട് ഉണ്ടാകും. മുൻ ഇടതുപക്ഷ സർക്കാർ വരുത്തിവെച്ച ഈ കെടുകാര്യസ്ഥത എന്തുകൊണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ ജനങ്ങളോട് തുറന്നുപറയാൻ വൈദ്യുതി മന്ത്രി തയ്യാറായില്ല?" എന്ന് സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നു.

അതെസമയം,വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രമഗത്തു വന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്. പുതിയ പോംവഴികൾ നിർദേശിക്കാനു അദ്ദേഹത്തിന് കഴിയുന്നില്ല.