'ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാന്‍ ശ്രമം, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകൾക്കെതിരെ ജാഗ്രത വേണം': കാന്തപുരം
കോഴിക്കോട് : സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ വന്‍ നാശമെന്ന പരാമര്‍ശം വിവാദമായിരിക്കെ, പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകളെ ജാഗ്രതയോടെ വേണം സമീപിക്കേണ്ടതെന്നും കാന്തപുരം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ തിരിച്ചറിയണം. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ നാം ഇടപെടാവൂ എന്നും കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:
സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍.
പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവര്‍ക്കും നന്മകള്‍ക്കു തൗഫീഖ് നല്‍കട്ടെ.