ചമ്പക്കുളം മൂലം വള്ളംകളി വിവാദം; ‘മുഖ്യമന്ത്രി കുട്ടനാടിനെ അപമാനിച്ചു’, മാപ്പ് പറയണമെന്ന് ജലോത്സവ സമിതി

ചമ്പക്കുളം മൂലം വള്ളംകളി വിവാദം; ‘മുഖ്യമന്ത്രി കുട്ടനാടിനെ അപമാനിച്ചു’, മാപ്പ് പറയണമെന്ന് ജലോത്സവ സമിതി

ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിച്ച നിലപാടിനെതിരെ കുട്ടനാട്ടിൽ പ്രതിഷേധം പുകയുന്നു. മുഖ്യമന്ത്രി കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും ആകെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും മൂലം വള്ളംകളി ജലോത്സവ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് വൈകിട്ട് ചമ്പക്കുളത്ത് വൻ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

മുഖ്യമന്ത്രിയുടേത് അങ്ങേയറ്റം ധിക്കാരപരമായ സമീപനമാണെന്ന് ജലോത്സവ സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
അവധി നൽകുന്നതോ നൽകാത്തതോ അല്ല ഇവിടെ പ്രധാന പ്രശ്നം, മറിച്ച് അവധി നൽകില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരപരമായ നിലപാടാണ്. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ജനങ്ങളുടെ ന്യായമായ ആവശ്യമാണ് ഉന്നയിച്ചത്. അതിനെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയുടെ നടപടി എംഎൽഎയുടെ മുഖത്തേറ്റ അടിയാണ്. ചമ്പക്കുളം മൂലം വള്ളംകളി എന്നത് കേവലമൊരു കായിക മത്സരം മാത്രമല്ല, അത് കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണ്. മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതായി പുറത്തുവന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. വള്ളംകളിക്ക് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, ‘ആലോചിച്ച് മറുപടി പറയാം’ എന്ന് മുഖ്യമന്ത്രി പരസ്യമായി അറിയിച്ചു. എന്നാൽ, ഇതിന് ശേഷം സീറ്റിൽ വന്നിരുന്ന മുഖ്യമന്ത്രി, ‘അവധി കൊടുക്കില്ല’ എന്ന് ശബ്ദം കുറച്ച് പറയുന്നത് മൈക്കിലൂടെ നേരിയ രീതിയിൽ പുറത്തുകേൾക്കുകയായിരുന്നു.
ഈ ദൃശ്യങ്ങളും ഓഡിയോയും അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടിലും വള്ളംകളി പ്രേമികൾക്കിടയിലും വലിയ രീതിയിലുള്ള ജനരോഷം ഉയർന്നത്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ജലോത്സവ സമിതിയുടെ തീരുമാനം.