നേപ്പാൾ; ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ ദിവസങ്ങൾനീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം പുത്തൻ പ്രതീക്ഷ. ഒമ്പത് ദിവസത്തിന് ശേഷം രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്; ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതപ്പെടുന്നവരുമായി ആശയവിനിമയം സ്ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിലെ നിർണായകമായ വഴിത്തിരിവായത്.