സുശാന്തിൻ്റെ മുൻ മാനേജറുടെ മരണം; ആദിത്യ താക്കറെ പ്രതി; ഉദ്ദവിനെതിരെയും പരാമർശം

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താക്കറെ, റോഹന്‍ റോയ്, നടന്മാരായ ദിനോ മോറിയ, സൂരജ് പഞ്ചോളി, ആദിത്യ പഞ്ചോളിയുടെ ബോഡിഗാര്‍ഡുകള്‍, റിയ ചക്രവര്‍ത്തി, ഷോയ്ക്ക് ചക്രവര്‍ത്തി, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ, മുന്‍ മുബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ്, ഡിസിപി വിശാല്‍ താക്കൂര്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സംസ്ഥാന മുന്‍ ആഭ്യന്തര മന്ത്രി അനിഷ് ദേശ്മുഖ്, പൊലീസ് ഉദ്യോഗസ്ഥര്‍, ഫോറസിക് ഉദ്യോഗസ്ഥരുടെ പേരുകളും എഫ്‌ഐആറിലുണ്ട്.

കൊലപാതകം, കൂട്ടബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും പ്രധാന പങ്കുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുകയും പൊലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥരയെും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സിബിഐ ആവശ്യപ്പെട്ടു