'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'; തെരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിശക് പറ്റി:എം.എ.ബേബി
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കടുത്ത തോല്‍വിയും തിരിച്ചടികളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുസമ്മതിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ലോക്‌സഭാ,പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തോല്‍വികള്‍ ഉണ്ടായി. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഭാഗത്തു നിന്ന് തെരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിശക് പറ്റിയെന്നും എം.എ.ബേബി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് തെറ്റുകള്‍ സംഭവിച്ചു എന്ന് പറയാന്‍ ജനങ്ങള്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോവെന്നും എം എ ബേബി ചോദിച്ചു. 'ഞങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ച് എന്ന് പറയാന്‍ ജനങ്ങള്‍ തോല്‍വി തരാന്‍ ഉദ്ദേശിച്ചാലും ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ? കുറച്ച് കടുത്ത തോല്‍വി ഉണ്ടായി. നമ്മള്‍ വസ്തുതകളെ വസ്തുതകളായി കാണുന്നവരാണെന്നും' എംഎ ബേബി പറഞ്ഞു.തീവ്രവലതുപക്ഷ വര്‍ഗീയ സാമുദായിക ഏകീകരണം കേരളത്തില്‍ നടന്നെന്നും തോല്‍വിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു. സി പി എമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സി പി എം ജനറല്‍ സെക്രട്ടറി തുറന്നുസമ്മതിച്ചു.
കേരളത്തില്‍ പൂര്‍ണമായും തീവ്ര ദാരിദ്ര്യം തുടച്ചുമാറ്റിയത് പിണറായി സര്‍ക്കാരാണ്. ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതാണ്. പിന്നെ എന്തിന് ഇങ്ങനെ തോല്‍വി ഉണ്ടായി. അതിന്റെ കാരണങ്ങള്‍ പരിശോധിച്ചു. വ്യാജ പ്രതീതി നിര്‍മാണം ഇവിടെ നടന്നുവെന്നും എം എ ബേബി പറഞ്ഞു. നഗ്നമായ കള്ളപ്രചാരണ വേല, ഇടതുപക്ഷവും ആര്‍എസ്എസും ധാരണയുണ്ടായെന്നും പ്രചാരണം ഉണ്ടായി. ഇത്തരത്തില്‍ പിണറായി വിജയനെതിരെയും പ്രചാരണം ഉണ്ടായി. ഇവയെല്ലാം തിരിച്ചടിക്ക് കാരണമായി. ഇവ തിരിച്ചറിഞ്ഞ് മുന്നേറാനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്. കേരളത്തില്‍ മാത്രമല്ല ബംഗാളിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേര്‍ന്നു. പാര്‍ട്ടിക്ക് വലിയ കരുത്ത് പകരുന്ന തീരുമാനങ്ങളാണ് യോഗത്തില്‍ വന്നതെന്നും എം എ ബേബി പറഞ്ഞു. കേരളത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകളും കള്ളക്കഥകളും വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പുതിയ രൂപത്തില്‍ ഇ ഡി രംഗത്തെത്തി കള്ളക്കഥകള്‍ നിര്‍മ്മിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയെല്ലാം ഇ ഡിയെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും, പ്രതിസന്ധികളെ മറികടന്ന് സി പി എം വിജയപാതയില്‍ തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.