മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു
മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികുടെ ചിത്രങ്ങൾ മോർഫ് ചെയ്തു മോശം രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പോലീസ് സംഘം തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനികൾ സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റുചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പൊന്നാനിയിൽനിന്നുള്ള വിദ്യാർത്ഥിനികളുടെ പരാതിയിലാണ് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നിൽ സുബിനാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്യുന്ന സുബിൻ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.