മാധ്യമം ദിനപത്രത്തിലെ തൊഴിലാളി സമരം: ‘മാനേജ്മെൻ്റ് മര്യാദ കാണിക്കണം’: ടി.പി രാമകൃഷ്ണൻ
മാധ്യമം പത്രത്തിലെ തൊഴിലാളി സമരത്തെ പിന്തുണച്ച് ടി.പി രാമകൃഷ്ണൻ. മാനേജ്മെൻ്റ് മര്യാദ കാണിക്കണമെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. മാനേജ്മെൻ്റ് അവരുടെ നിലപാട് പുനഃപരിശോധിക്കണം. കരാർ തൊഴിലാളികളെയും സ്ഥിരജീവക്കാരെയും വേർതിരിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം ദിനപത്രത്തിൽ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. 8 മാസമായി ശമ്പളം ലഭിക്കാത്തതിൽ പേരിലാണ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി എൽഡിഎഫ് രംഗത്ത് വന്നിരുന്നു.
മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന ജമാഅത്തെ ഇസ്ലാമി തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റി അറിയുന്നില്ലെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി എളമരം കരീം സമരത്തെ പിന്തുണച്ചുക്കൊണ്ട് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ അഞ്ച് മാസത്തിലധികം ശമ്പളം ലഭിക്കാതായായതോടെ പ്രതിഷേധിച്ച 39 ജീവനക്കാരെ മാനേജ്മെന്റ് കൂട്ടമായി സ്ഥലം മാറ്റിയിരുന്നു. 17 ജേണലിസ്റ്റുകളെയും 22 നോൺ ജേണലിസ്റ്റുകളെയുമാണ് സ്ഥലം മാറ്റിയത്. ശമ്പളനിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള 24 മണിക്കൂർ ഉപവാസം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴായിരുന്നു പ്രതികാര നടപടി. സമരത്തിൽ മുദ്രാവാക്യം ചൊല്ലി കൊടുത്തവരെ വിദൂരത്തേക്ക് സ്ഥലം മാറ്റി. പൂർണമായി പ്രവർത്തിക്കാത്ത ഓഫീസുകളിലേക്ക് പോലും ആളുകളെ മാറ്റിയിട്ടുണ്ട്.