ചൈനയിൽ ഉഷയ്ക്കൊപ്പമെത്തി, ജപ്പാനിൽ ഉഷയെ മറികടന്നു, 42 വർഷം പഴക്കമുള്ള റെക്കോഡ് ഭേദിച്ച് വിത്യ

നഗോയ: വനിതകളുടെ 400മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ മൂന്നാമതെത്തിയത്. യുഎഇയുടെ മറിയം കരീം സ്വർണവും കസാക്കിസ്ഥാന്റെ അദെലിന സെംസ് വെള്ളിയും നേടി.54.31 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മറിയം ഒന്നാമതെത്തിയത്. കസാക്കിസ്ഥാൻ താരം 54.58 സെക്കൻഡുകളിൽ ഫിനിഷിങ് ലൈൻ തൊട്ടു. മലയാളിതാരം അനു രാഘവൻ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.

ദേശീയ റെക്കോഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. മലയാളിതാരം പി.ടി. ഉഷയുടെ 42 വർഷം മുൻപുള്ള റെക്കോഡ് വിത്യ മറികടന്നു.400 മീറ്റർ ഹർഡിൽസിൽ 1984 ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി.ഉഷ കുറിച്ച സമയമാണ് വിത്യ മറികടന്നത്. 55.42 സെക്കൻഡാണ് പി.ടി ഉഷ കുറിച്ച സമയം. 

2023 ഹാങ്ചൗവിലെ ഏഷ്യൻ ഗെയിംസിൽ വിത്യ പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്സിലാണ് 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. ഇക്കുറി അത് മറികടക്കാൻ വിത്യയ്ക്കായി.