ഉപഭോക്തൃ കമ്മീഷനുകളിൽ 229 പുതിയ തസ്തികകൾ; നാല് ആഴ്ചയ്ക്കകം തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഉപഭോക്തൃ കമ്മീഷനുകളിൽ 229 പുതിയ തസ്തികകൾ; നാല് ആഴ്ചയ്ക്കകം തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്തെയും വിവിധ ജില്ലകളിലെയും ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനുമായി 229 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നാല് ആഴ്ചയ്ക്കകം തീരുമാനം എടുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച അഡ്വ. ജെ സൂര്യ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.

പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടി നിലവിൽ ധനകാര്യ വകുപ്പിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ രാജു സെബാസ്റ്റ്യൻ വടക്കേക്കര കോടതിയെ അറിയിച്ചു. നാല് ആഴ്ചയ്ക്കകം സാമ്പത്തിക അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഉപഭോക്തൃ കമ്മീഷനുകളിലെ തസ്തിക സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള നടപടികളിൽ കാര്യക്ഷമമായ പുരോഗതി ഉണ്ടാകേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

4 ആഴ്ചക്കകം, തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിന് കോടതി നിർദേശം നൽകി. പുതിയ തസ്തികകൾ നിലവിൽ വരുന്നതുവരെ ഓഗസ്റ്റ് 5-ന് കോടതി പുറപ്പെടുവിച്ച ഇടക്കാല ക്രമീകരണം തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും അനുബന്ധ നടപടികൾ പൂർത്തിയാക്കുന്നതിനും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നത് വാദിഭാഗം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.നടപടികൾ എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് കോടതി ആരാഞ്ഞതിനെ തുടർന്ന്, തസ്തികകൾക്ക് സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിനായി ഒരു മാസത്തെ സമയം ആവശ്യമാണ് എന്ന് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അറിയിച്ചു.

കേസ്  ഒക്ടോബർ 7 ന് വീണ്ടും കോടതി പരിഗണിക്കും.ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ആർ രാജശ്രീ ചുട്ടിമറ്റത്തിൽ കോടതിയിൽ ഹാജരായി.