സ്പെയിനിന് പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

കാലിഫോർണിയ: ആദ്യം സ്പെയിൻ...പിന്നാലെ യുറഗ്വായ്...വമ്പന്മാരെ സമനിലയിൽ തളച്ച് കേപ് വെർദെ ചരിത്രമെഴുതുന്നു. സ്പെയിനിനെതിരേ ആദ്യ ലോകകപ്പ് പോയന്റാണെങ്കിൽ ഇക്കുറി ആദ്യ ലോകകപ്പ് ഗോൾ. ഒന്നിൽ നിർത്തിയില്ല, യുറഗ്വായ് വലയിൽ രണ്ടുതവണ പതിച്ചു. അതോടെ ലോകകപ്പിൽ ഞെട്ടിച്ച് തുടങ്ങി കേപ് വെർദെ. ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായി യുറഗ്വായ്‌യെ വിറപ്പിച്ചാണ് കേപ് വെർദെ തുടങ്ങിയത്. കൗണ്ടർ അറ്റാക്കുകളിൽ യുറഗ്വായ് പ്രതിരോധം പതറുന്ന കാഴ്ചയും കണ്ടു. 21-ാം മിനിറ്റിൽ യുറഗ്വായ്‌യെ ഞെട്ടിച്ച് കേപ് വെർദെ ലീഡെടുത്തു. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്രഗോൾ സമ്മാനിച്ചു. കേപ് വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ. നേരത്തേ സ്‌പെയിനിനെതിരായ മത്സരം സമനിലയിലായതോടെ ലോകകപ്പിലെ ആദ്യ പോയന്റ് കേപ് വെർദെ സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ പക്ഷേ യുറഗ്വായ് തിരിച്ചുവന്ന് ലീഡെടുത്തു. മാക്‌സി അരാഹോ 44-ാം മിനിറ്റിൽ സമനില ഗോൾ നേടി. ഇടതുവിങ്ങിൽ നിന്നുവന്ന ക്രോസ് ഹെഡറിലൂടെ പോസ്റ്റിൽ തട്ടിത്തെറിച്ചു. അത് അരാഹോ അനായാസം വലയിലാക്കി. പിന്നാലെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ യുറഗ്വായ് ആദ്യ പകുതിയിൽ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കേപ് വെർദെ സംഘത്തെയാണ് കണ്ടത്. കേപ് വെർദെയുടെ മുന്നേറ്റനിര പലകുറി യുറഗ്വായ് ഗോൾമുഖം വിറപ്പിച്ചു. മുൻ ചാമ്പ്യന്മാർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. പകരക്കാരെ കളത്തിലിറക്കി കേപ് വെർദെ ഉണർന്നുകളിച്ചു. അതിന് പിന്നാലെ കേപ് വെർദെ രണ്ടാം ഗോളുമടിച്ചു. യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. യുറഗ്വായ് പ്രതിരോധതാരത്തിന്റെ പാസ് ലക്ഷ്യം തെറ്റി. ഓടിവന്ന ഗോൾകീപ്പർക്ക് പന്ത് കിട്ടുംമുൻപ് തന്നെ കേപ് വെർദെയുടെ ഹെലിയോ വരേല പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. തുറന്ന ഗോൾവലയിലേക്ക് പതിച്ചതോടെ കേപ് വെർദെ സമനിലപിടിച്ചു. സ്കോർ 2-2.

പിന്നീട് യുറഗ്വായ് ടീമിന്റെ ആക്രമണങ്ങളായിരുന്നു മൈതാനത്ത് കണ്ടത്. യുറഗ്വായ്‌യുടെ മുന്നേറ്റങ്ങളിൽ കേപ് വെർദെ പ്രതിരോധം ആടിയുലഞ്ഞു. ബ്രയാൻ റോഡ്രിഗസും ബന്റൻകറും ഗോളിനടുത്തെത്തി. അതിനിടെ വലകുലുക്കിയെങ്കിലും ഓഫ്സൈഡായത് തിരിച്ചടിയായി. പിന്നീട് യുറഗ്വായ് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. മറുവശത്ത് കേപ് വെർദെ കൗണ്ടർ അറ്റാക്ക് ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. അതോടെ മത്സരം സമനിലയിൽ അവസാനിച്ചു.